മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു; അക്രമികള്‍ക്കായി തിരച്ചില്‍

ആലുവയില്‍ മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ആക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വിമല്‍ കുമാറിന്റെ വീടിന് സമീപമുള്ള റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയതാണ് വിമല്‍ കുമാറിന്റെ മകനും സുഹൃത്തും. ഇവര്‍ അപകടത്തില്‍ പെട്ടവരെ എഴുന്നേല്‍പ്പിച്ച് യാത്രയാക്കി. എന്നാല്‍ ബൈക്ക് യാത്രികര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുകയും വിമല്‍ കുമാറിന്റെ മകനുമായി തര്‍ക്കമുണ്ടാകുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മകനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ വിമല്‍ കുമാറിന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെ തള്ളി താഴെ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദ്ദിച്ചവരെ അറിയാമെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നുമാണ് വിമല്‍ കുമാറിന്റെ കുടുംബം ആരോപിക്കുന്നത്.

പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാരും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മരണം കാരണം ഉറപ്പിച്ച ശേഷമാക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.