വാരിയംകുന്നത്തിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതം; എം.ജി.എസ്

മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചരിത്രകാരൻ എം.ജി.എസ് നാരായണൻ.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കമുള്ളവരുടെ പേരുകൾ സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്ത ചരിത്ര ഗവേഷണ കൗൺസിലിൻറെ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് എം.ജി.എസ് പറഞ്ഞു.

മലബാർ കലാപം നടന്നു എന്നുള്ളത് വസ്തുതയാണ്. എന്നാൽ അത് സ്വാതന്ത്ര്യസമരമെന്ന ലേബലിലോ, വർ​ഗീയകലാപമെന്ന ലേബലിലോ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് എംജിഎസ് പറയുന്നു.

സാമ്രാജ്യവിരുദ്ധതയുടെയും വർഗീയതയുടെയും അംശം കലാപത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നുമാണ് എംജിഎസ് പറഞ്ഞത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശിപാർശ നൽകിയത്.

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ, ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി.