താഴു വീഴുന്നത് ഒരു ചാനൽ സംപ്രേഷണത്തിനല്ല, ജനാധിപത്യപരമായ മൗലികാവകാശങ്ങൾക്ക്: കെ കെ രമ

 

മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കി ജനാധിപത്യവും പൗര സമൂഹത്തിന്റെ അറിയാനുള്ള അവകാശവും റദ്ദ് ചെയ്തു കളയാം എന്നാണ് മോദി സർക്കാർ കരുതുന്നതെന്ന് കെ കെ രമ എം.എൽ.എ. താഴു വീഴുന്നത് ഒരു ചാനൽ സംപ്രേഷണത്തിനല്ല, ജനാധിപത്യപരമായ മൗലികാവകാശങ്ങൾക്കാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ കെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

എന്താണ് കാരണം എന്നു പോലും വ്യക്തമാക്കാതെ മീഡിയ വൺ ചാനലിന്റെ പ്രക്ഷേപണം നിർത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കി ജനാധിപത്യവും പൗര സമൂഹത്തിന്റെ അറിയാനുള്ള അവകാശവും റദ്ദ് ചെയ്തു കളയാം എന്നാണ് മോഡി സർക്കാർ കരുതുന്നത്. ഇത് ഈ രാജ്യത്ത് അനുവദിച്ചു കൂടാ. താഴു വീഴുന്നത് ഒരു ചാനൽ സംപ്രേഷണത്തിനല്ല, ജനാധിപത്യപരമായ മൗലികാവകാശങ്ങൾക്കാണെന്ന് നാം തിരിച്ചറിയണം.

ഈ രാജ്യം ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ക്രമത്തിലേക്ക് ചുവടുകൾ വയ്ക്കുന്നതിന്റെ പല ഘട്ടങ്ങളിലൊന്നാണിത്. രാഷ്ട്രീയ നേതൃത്വങ്ങൾ, പാർലമെന്റംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ, സംസ്ഥാന ഭരണകൂടം, സഹോദര മാദ്ധ്യമ സ്ഥാപനങ്ങൾ, കേരള പൊതു സമൂഹം എന്നിങ്ങനെ സർവ്വരും ഒറ്റക്കെട്ടായ് ചെറുത്തു തോല്പിക്കണം ഈ ജനാധിപത്യ വിരുദ്ധത.

അതേസമയം മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും എന്ന് ചാനൽ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.

ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, മീഡിയ വൺ ചാനലിന്റെ ലൈസൻസ് റദ്ദാക്കുകയും അനുവദനീയമായ ചാനലുകളുടെ പട്ടികയിൽ നിന്ന് ചാനലിന്റെ പേര് ഒഴിവാക്കുകയും ചെയ്ത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.