സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് തടയാൻ ഉത്തരവിറക്കി സർക്കാർ, പ്രശംസിച്ച്‌ കോടതി

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

സർക്കാർ വിജ്ഞാപനം വായിച്ചുകേട്ടപ്പോൾ, ഹൈക്കോടതി ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

രജിസ്ട്രേഷന്‍, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. ഇത് സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു. ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍ക്കാർ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.