മോഫിയയുടെ പിതാവുമായി ഫോണിൽ സംസാരിച്ച്‌ മുഖ്യമന്ത്രി

ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ പിതാവുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞത്. സി.ഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.

അതേസമയം മോഫിയ പര്‍വീൺ ആത്മഹത്യ ചെയ്ത സംഭവം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സി.ഐ സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.