പ്രബലമായ ഒരു സംഘടനയെ അധിക്ഷേപിക്കുന്നതിന് അതിരു വേണം, വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം ലോ കോളജിലെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.എഫ്.ഐയെ അധിക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയെ അധിക്ഷേപിക്കുന്നതിന് അതിരു വേണം. എസ്.എഫ്.ഐയെ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഉപയോഗിക്കരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ആണ്‍കുട്ടികളുടെ മാത്രം സംഘടന അല്ലെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എഫ്.ഐ നേതാക്കളേയും ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ലെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. പൊലീസ് നോക്കിനില്‍ക്കെയാണ് എസ്.എഫ്.ഐയുടെ ആക്രമണം ലോ കോളജില്‍ നടന്നത്. എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലയ്ക്ക് നിര്‍ത്തണം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശന്‍ പറഞ്ഞു.

ലോ കോളജില്‍ ഇന്നലെ രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമട്ടല്‍ ഉണ്ടായത്. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.