രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവാത്തത്, നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നടപടി; എസ്.എഫ്‌.ഐ

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവാത്തതെന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. ഇതിനെ തള്ളിപ്പറയുന്നു. നേതൃത്വം നല്‍കിയവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കും

സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല.

ഇതില്‍ ് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണം.

അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.