തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞ ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.
Read more
എന്നാൽ ഈ ഉപകരണം കാണാതായതല്ലെന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്ടർമാർ വന്നാൽ മാത്രമേ ഉപയോഗിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാൽ നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുൾപ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.







