'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത നടപടി പ്രതിപക്ഷ നേതാവ് വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി പറഞ്ഞു. സസ്പെൻഷൻ നടപടികൾ കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ ക്രൂക്കഡ് ബുദ്ധിയുടെ ഭാഗമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. മുന്‍പ് കെ. കരുണാകരൻ്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും, രാഷ്ട്രീയ എതിരാളികളെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണെന്നും സജി ചെറിയാൻ വിമർശിച്ചു.

അതേസമയം താൻ മുമ്പ് രാജിവെച്ചത് ധാർമികത ഉയർത്തിപ്പിടിച്ചാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഹുലിനെ കൈകാര്യം ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉയർന്നുവന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സസ്‌പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ലെന്ന് പറഞ്ഞ വി ഡി സതീശൻ സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നുവെന്നും ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു. അതേസമയം ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.

Read more