643 കണ്ടെയ്‌നറുകളില്‍ പത്തെണ്ണം കേരളത്തിന്റെ തീരത്തടിഞ്ഞു; കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം; കണ്ടെയ്‌നറുകളില്‍ വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കാവുന്ന രാസവസ്തുക്കളുണ്ടെന്ന് മുന്നറിയിപ്പ്

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരളത്തിന്റെ വിവിധ തീരങ്ങളില്‍ അടിഞ്ഞു. നിലവില്‍ പത്ത് കണ്ടെയിനറുകളാണ് തീരങ്ങളില്‍ അടിഞ്ഞത്.
ഇതില്‍ എട്ട് കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലായി അടിഞ്ഞു. ചെറിയഴീക്കല്‍, ശക്തികുളങ്ങര, പരിമണം ഭാഗങ്ങളിലാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞത്. അഞ്ചോടെയാണ് നീണ്ടകര പരിമണം ഭാഗത്ത് മൂന്ന്സെറ്റ് കണ്ടെയ്നറുകള്‍ കണ്ടത്. തുറന്ന അവസ്ഥയിലായിരുന്നു ഇവ. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. രണ്ടു കണ്ടെയ്‌നറുകള്‍ ആലപ്പുഴ വലിയഴീക്കല്‍ തീരത്തടിഞ്ഞു. കണ്ടൈയ്‌നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലില്‍ വീണു.

കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കണ്ടെയ്‌നറിനുള്ളില്‍ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്‌സുകളും കരക്കടിഞ്ഞു.

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കല്‍ ശ്രമകരമായ ദൗത്യമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വലിയ സാമ്ബത്തിക ചെലവ് ആവശ്യമായതിനാല്‍ കൃത്യമായി വിശകലനം നടത്തിയ ശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം നടത്തുക. കപ്പലിന്റെ ഇന്‍ഷുറന്‍സ് കമ്പനിവരെ ഉള്‍പ്പെടുന്ന കാര്യങ്ങളാണിത്.

നിലവില്‍ അപകടം നടന്ന സ്ഥലത്ത് എണ്ണപ്പാട കാണുന്നുണ്ട്. നൂറോളം കണ്ടെയ്‌നറുകളാണ് വേര്‍പെട്ട് ഒഴുകിനടക്കുന്നത്. ബാക്കിയുള്ളവ കപ്പലിനൊപ്പം മുങ്ങി.

കപ്പലിന്റെ ഭാഗങ്ങളോ കണ്ടെയ്‌നറുകളോ ഇതുവഴിയെത്തുന്ന മറ്റ് കപ്പലുകള്‍ക്ക് തടസമോ അപകടമോ സൃഷ്ടിക്കാതിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് സംശയിക്കുന്നവയില്‍ ഒരു കാരണവശാലും തൊടരുത് എന്ന് വീണ്ടും മുന്നറിയിപ്പ്. വെള്ളവുമായി ചേര്‍ന്നാല്‍ തീ പിടിക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടെന്നും ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കാല്‍ഷ്യം കാര്‍ബൈഡ് എന്ന, വെള്ളവുമായി ചേര്‍ന്നാല്‍ തീ പിടിക്കാവുന്ന അസെറ്റിലിന്‍ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളലുണ്ടാക്കുന്ന തരത്തിലുള്ള വസ്തുവും ചില കണ്ടെയ്‌നറുകളില്‍ ഉണ്ട്.

ഇവ അടങ്ങിയിരുന്ന കണ്ടെയ്‌നറുകളാണോ കൊല്ലം തീരങ്ങളില്‍ അടിഞ്ഞത് എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ടും കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read more

അധികൃതര്‍ വസ്തുക്കള്‍ മാറ്റുമ്‌ബോള്‍ തടസം സൃഷ്ടിക്കരുത്. 200 മീറ്റര്‍ എങ്കിലും ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണം. സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ത്തന്നെ 112ല്‍ വിളിക്കാനും മുന്നറിയിപ്പുണ്ട്.