ടി. സിദ്ദീഖിനെ തോൽപ്പിക്കാൻ മുസ്ലിം ലീ​ഗ് ജില്ലാ സെക്രട്ടറി പണം വാ​ഗ്ദാനം ചെയ്തു; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ ടി. സിദ്ദീഖിനെ തോൽപ്പിക്കാൻ മുസ്ലിം ലീ​ഗ് ജില്ലാ സെക്രട്ടറി പണം വാ​ഗ്ദാനം ചെയ്തെന്ന് ആരോപണവുമായി എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രം​ഗത്ത്. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ വീട്ടിലെ രഹസ്യയോ​ഗത്തിലേക്ക് ക്ഷണിച്ചെന്നും അരലക്ഷം രൂപ വാ​ഗ്ദാനം ചെയ്തെന്നും പി.പി ഷൈജൽ പറഞ്ഞു. മീഡിയവണിനോടായിരുന്നു ഷൈജലിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ലീ​ഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് ശേഷം ആശുപത്രിയിലെത്തിയ മീഡിയ വൺ പ്രതിനിധിയോടാണ് തിരഞ്ഞെടുപ്പിൽ ലീ​ഗ് സെക്രട്ടറി തനിക്ക് പണം വാ​ഗ്ദാനം നൽകിയ കാര്യം വെളിപ്പെടുത്തിയത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞതിനു പിന്നിൽ ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലെന്നും ഷൈജൽ ആരോപിച്ചു.

അതേസമയം മുട്ടിൽ ഡബ്ള്യൂ.എം.ഒ കോളജിൽ വെച്ച് തന്നെ യൂത്ത് ലീഗ് നേതാവ് മർദ്ദിച്ചത് ചോദിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ മർദ്ദിക്കുകയായിരുന്നു എന്ന് ഷൈജൽ പറഞ്ഞു. ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ്‌ ടി ഹംസ എന്നിവരാണ്‌ മർദ്ദിച്ചത്. ഹരിത വിഷയത്തിൽ മാന്യമായ രാഷ്ട്രീയം പറഞ്ഞ തന്നെ ലീഗ് ജില്ലാ നേതൃത്യം പലതരത്തിൽ ദ്രോഹിക്കുകയാണ്. മുട്ടിൽ കോളേജിൽ വെച്ച് വിദ്യാർത്ഥികളുടെ മുമ്പില്‍ വെച്ച് ഒരു സംഘം തന്നെ മർദ്ദിച്ചിരുന്നതായും ഷൈജൽ പറഞ്ഞു.

എന്നാൽ, ഷൈജലിൻറെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വത്തിൻറെ പ്രതികരണം. ഓഫീസിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഹരിത വിവാദത്തിൽ നേതൃത്വത്തോട് ഇടഞ്ഞ് നിന്നിരുന്ന ഷൈജലിനെതിരെ സെപ്റ്റംബറിൽ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഷൈജലിനെ എം.എസ്.എഫിന്റെയും ലീഗിന്റെയും ഭാരവാഹി സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജലിനെതിരെ സംഘടനാ നടപടിയുമായി ലീഗ് നേതൃത്വം മുന്നോട്ട് പോയത്.