ഭൂമി ഇടപാടില്‍ പണം തിരികെ വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ സിറോ മലബാര്‍ സഭ; കനോനിക സമിതി അഞ്ചംഗ സംഘത്തെ നിയോഗിച്ചു

സിറോ മലബാര്‍ സഭയുടെ എറണാകുളംഅങ്കമാലി അതിരൂപതയിലെ സ്ഥലംവില്‍പ്പനയില്‍ നഷ്ടമായ പണം ഇടനിലക്കാരനില്‍ നിന്നും തിരിച്ചുവാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. രണ്ടു വൈദികരും മൂന്ന് സഭാവിശ്വാസികളും ചേര്‍ന്നതാണ് പുതിയ സമിതി. കനോനിക സമിതിയുടേതാണ് പുതിയ തീരുമാനം.

വെള്ളിയാഴ്ച ചേര്‍ന്ന ആലോചനാസമിതിയിലാണ് കൂടുതല്‍ വഷളാക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് നഷ്ടമായ പണം ഇടപാടുകാരനുമായി ചര്‍ച്ചനടത്തി തിരിച്ചുവാങ്ങാനാണ് നീക്കം. ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഇതിനായി ചര്‍ച്ച നടത്തണമെന്ന അഭിപ്രായമാണ് സമിതിയില്‍ ഉയര്‍ന്നത്.

സ്ഥലംവില്‍പ്പന വിഷയം ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ആലോചനാസമിതിയും വൈദികസമിതിയും വിളിച്ചുചേര്‍ക്കണമെന്ന് അഞ്ചംഗ മെത്രാന്‍സമിതി നിര്‍ദേശിച്ചിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ യോഗവും ചേരും.സ്ഥലം ഇടപാട് പ്രശ്‌നം പൊതുജനമധ്യത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത് സഭയെക്കുറിച്ച് വിശ്വാസികളിലടക്കം അവമതിപ്പ് ഉണ്ടാക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരത്തിനാണ് നീക്കം.