പാഠം 3 - 'അരമനക്കണക്ക്' ; സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിനെ വിമര്‍ശിച്ച് തോമസ് ജേക്കബ്

സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. സ്ഥലം വില്‍പ്പനയിലെ ക്രമക്കേടുകളെ “അരമനക്കണക്ക്” എന്ന ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വിമര്‍ശിച്ചാണ് ജേക്കബ് തോമസ് നയം വ്യക്തമാക്കിയിരിക്കുന്നത്. ആകെയുള്ള മൂന്ന് ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ 46 സെന്റ് വിറ്റപ്പോള്‍ ഒമ്പത് കോടി രൂപയാണ് കിട്ടിയതെന്നും എന്നാല്‍, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

https://www.facebook.com/drjacobthomasips/photos/a.927208004101310.1073741829.536792206476227/927207990767978/?type=3&theater

പതിമൂന്ന് കോടി രൂപയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും ജേക്കബ്് തോമസ് വ്യക്തമാക്കുന്നു. തിരട്ട് (നികുതി) അഞ്ച് ശതമാനവും കടം വളര്‍ച്ചാനിരക്ക് 15 ശതമാനവും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു.

60 കോടിയുടെ കടം വീട്ടാന്‍ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വിനിയോഗിക്കാന്‍ വിദേശ മിഷണറി സംഘം കൈമാറിയ ഭൂമി പോലും കരാര്‍ ലംഘിച്ച് വില്‍ക്കുകയായിരുന്നു. എന്നാല്‍, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടനിലക്കാരന്‍ കരാര്‍ ലംഘിച്ച് ഭൂമി 36 പേര്‍ക്കായി വിറ്റു എന്നാണ് അതിരൂപതയുടെ നിലപാട്.