ഇപിയുടെ മകന് റാസല്‍ഖൈമയില്‍ എണ്ണ ശുദ്ധീകരണ കമ്പനി; പുറത്തുവന്നത് ജയ്‌സണും താനുമായുള്ള കൂടിക്കാഴ്ച്ച ചിത്രങ്ങള്‍; കുരുക്കി സ്വപ്‌ന സുരേഷ്

ല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്‌സണ്‍ ദുബൈയില്‍ വെച്ച് താനുമായി ചര്‍ച്ച നടത്തി. ജയ്‌സസനു റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.

ജയ്‌സണും താനും ദുബൈയില്‍ നടത്തിയ കൂടികാഴ്ചയുടെ ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തു പൊലീസിനു ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത്. ആഭ്യന്തരവകുപ്പിനെ ഈ ഇടപാടില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയില്‍ ചെയ്യാനായിരുന്നു ജയ്‌സന്റെ പദ്ധതിയെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

ഇ.പി ജയരാജന് എതിരെയുള്ള അഴിമതി ആരോപണം സിപിഐഎം പൊളിറ്റ് ബ്യൂറോ പരിശോധിച്ചേക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി ജയരാജന്റെ ആരോപണങ്ങളാണ് പിബി പരിശോധിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ജയരാജന്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില്‍ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധിക്കാന്‍ തന്നെയാണ് സാധ്യത.

Read more

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ കോടികളുടെ അഴിമതി നടത്തി എന്നാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ആരോപണം നിഷേധിച്ച് ഇ.പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇ.പിയുടെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 2014ല്‍ ആണ് അരോളിയില്‍ ഇ.പി ജയരാജന്റെ വീടിന് ചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും ആക്ഷേപം ഉണ്ട്.