വിസ്മയയുടേത് ആത്മഹത്യ, താന്‍ നിരപരാധിയാണ്; ശിക്ഷയില്‍ ഇളവ് വേണമെന്ന് കിരണ്‍കുമാര്‍

വിസ്മയയുടേത് ആത്മഹത്യയാണെന്ന് പ്രതിയായ കിരണ്‍ കുമാര്‍. താന്‍ നിരപരാധിയാണ്. തനിക്ക് പ്രായ്ം കുറവാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം.

അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ ചുമതല തനിക്കാണ്.അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് കിരണ്‍ ആവശ്യപ്പെട്ടത്. അതേസമയം പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസ് വ്യക്തിക്ക് എതിരല്ല. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.