സുരേഷ് ഗോപിയെ ഒതുക്കിയത് കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ അറിവോടെ, പാര്‍ട്ടിയുടെ അനുമതിയില്ലാതെ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരായ ജാഥ പ്രഖ്യാപിച്ചത് താരത്തിന് വിനയായി, കടുത്ത സി പി എം വിരോധം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും വിലയിരുത്തല്‍

സുരേഷ് ഗോപി കേന്ദ്ര ബി ജെ പി നേതൃത്വത്തിന് അനഭിമതനായി എന്ന സൂചനയാണ് അദ്ദേഹത്തെ കല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിസ്റ്റ്യുട്ടിന്റെ ഡയറക്ടര്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കി ഒതുക്കുന്നതിന് പിന്നിലെന്ന് ബി ജെ പി നേതാക്കള്‍ തന്നെ രഹസ്യമായി സൂചിപ്പിക്കുന്നു. പ്രസ്തുത സ്ഥാനം ഏറ്റെടുത്തേക്കില്ലന്ന് സുരേഷ് ഗോപി വ്യക്തമാക്കുമ്പോഴും കേരളത്തിലെ ബി ജെ പി രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും ബി ജെ പിയെ അകറ്റാനുള്ള തന്ത്രങ്ങളാണ് കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംസ്ഥാന നേതൃത്വം നടത്തുന്നത്.

കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി തൃശൂര്‍ ജില്ലയില്‍ കാല്‍നട ജാഥ നടത്താനിരിക്കുകയായിരുന്നു. സംസ്ഥാന ബി ജെ പി നേതൃത്വത്തോടാലോചിക്കാതെയായിരുന്നു ഈ ജാഥാ പ്രഖ്യാപനം. തൃശൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക ലിസ്റ്റു പോലും ഉണ്ടാക്കാതിരിക്കെ സുരേഷ് ഗോപി നടത്തിയ ഈ നീക്കം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ ഒരു പോലെ ക്ഷോഭിപ്പിച്ചു.

ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തില്‍ പ്രധാനിയായ ബി എല്‍ സന്തോഷ് വി മുരളീധരനുമായും കെ സുരേന്ദ്രനുമായും നല്ല അടുപ്പമുള്ളയാളാണ്. അത് കൊണ്ട് തന്നെ അവരെ മറികടന്ന് നടത്തുന്ന നീക്കങ്ങളെ അദ്ദേഹം പിന്തുണക്കുകയില്ല. മാത്രമല്ല ബി എല്‍ സന്തോഷിന് സുരേഷ്‌ഗോപിയോട് യാതൊരു താല്‍പര്യവുമില്ല. സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് ഒരിക്കല്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സുരേഷ് ഗോപി തെയ്യാറായില്ല. സിനിമാ അഭിനയവും രാഷ്ട്രീയവും ഒരേ പോലെ കൊണ്ടുപോകാനാണ് സുരേഷ് ഗോപി ആഗ്രഹിച്ചത്. ഇതില്‍ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

കരിവന്നൂര്‍ ബാങ്ക്് തട്ടിപ്പില്‍ കേന്ദ്ര ബിജെ പി നേതൃത്വം സി പി എമ്മിനെ കാര്യമായി ഉപദ്രവിക്കില്ലന്ന സൂചന സുരേഷ് ഗോപിക്ക്് ലഭിച്ചിരുന്നു. ഇതിന് മുമ്പ് നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണത്തിലും ഇപ്പോള്‍ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ നടക്കുന്ന അന്വേഷണത്തിലും അവസാനം സി പി എംനേതൃത്വത്തെയും പിണറായി വിജയനെയും രക്ഷപെടുത്തിയെടുക്കുന്ന നിലപാടായിരിക്കും കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റേതെന്ന സംശയം ബലപ്പെട്ടുവരികയായിരുന്നു. ആ ധാരണയെ പൊളിക്കുന്ന വിധത്തിലാണ് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ കാല്‍നട പ്രചാരണ ജാഥ നടത്താന്‍ സുരേഷ് ഗോപി ശ്രമിച്ചത്. അത്തരത്തിലൊരു പരിപാടി നടന്നാല്‍ അത് വന്‍ വിജയമാകുമെന്ന് ബി ജെ പി ക്കും സി പി എമ്മിനും ഒരു പോലെ മനസിലായിരുന്നു.

കെ സുരേന്ദ്രനെതിരെ കുഴല്‍പ്പണക്കേസ്, തിരഞ്ഞെടുപ്പ് കോഴക്കേസ് തുടങ്ങി നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിലൊന്നിലും ബി ജെ പി സംസ്ഥാന നേതാവിന് കാര്യമായ പരിക്കുകള്‍ ഒന്നും പറ്റാത്ത വിധത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംസ്ഥാനത്തെ പ്രമുഖ ബി ജെപി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സി പി എമ്മിനെ വിഷമവൃത്തത്തിലാക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേരളത്തിലെ ബി ജെ പി നേതൃത്വത്തിനും കാര്യമായ താല്‍പര്യമില്ല. അത് കൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ സുരേഷ് ഗോപിയെ പൂട്ടിക്കെട്ടാനുള്ള അടിയന്തിരമായ നീക്കം നടത്തിയത്. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിസ്റ്റ്യുട്ടിന്റെ തലപ്പത്ത് സുരേഷ് ഗോപി നിയമിക്കപ്പെടണമെങ്കില്‍ അത് അമിത്ഷായുടെയും ജെ പി നദ്ദയുടെയും ബി എല്‍ സന്തോഷിന്റെയും അറിവോടെ മാത്രമെ നടക്കൂ. അങ്ങിനെ വരുമ്പോള്‍ കേന്ദ്ര ബി ജെ പി നേതൃത്വത്തിന് സുരേഷ് ഗോപിയോട് അസംതൃപ്തിയുണ്ടെന്ന കാര്യം പരസ്യമാവുകയും ചെയ്യും. കേ്ന്ദ്ര ബി ജെ പി നേതൃത്വത്തിന് സുരേഷ് ഗോപിയെ താല്‍പര്യമില്ലന്ന സന്ദേശം നല്‍കാനാണ് കേരളാ ബി ജെ പി നേതൃത്വം ശ്രമിച്ചത്.

അത്തരത്തില്‍ കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയോടേ സുരേഷ് ഗോപിയെ സംസ്ഥാന ബി ജെ പിയില്‍ ഒതുക്കുകയും, പിണറായി സര്‍ക്കാരിനെതിരെ പൊരുതുന്ന നേതാവ് എന്ന സുരേഷ് ഗോപിയുടെ ഇമേജ് ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര- കേരളാ നേതൃത്വത്തിന്റെ സംയുക്ത ഉദ്ദേശം.അത് തല്‍ക്കാലത്തേക്കെങ്കിലും നടപ്പായി.