മന്ത്രിയാകാനുള്ള തോമസ് ചാണ്ടിയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി; ബെഞ്ച് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആലപ്പുഴയിലെ കായല്‍ കൈയേറ്റ കേസില്‍ സുപ്രീം കോടതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. തന്റെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മുന്‍പ് കേസ് പരിഗണിച്ച ബെഞ്ച് തന്റെ കേസ് തുടര്‍ന്നും പരിഗണിക്കും.

കായല്‍ കൈയ്യേറ്റ കേസില്‍ കേരളാ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ആ ബെഞ്ചില്‍ നിന്ന് മാറ്റുകയായിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഈ കേസ് കേള്‍ക്കാനാവില്ലെന്നും നേരത്തെ ഏത് ബെഞ്ചാണോ പരിഗണിച്ചത് അവിടെ തന്നെ തുടര്‍ന്നും പരിഗണിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു.