കണ്ണൂരിൽ ആത്മഹത്യ ചെയ്ത അനീഷ് ജോർജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രചാരണം ബിജെപിയെ സഹായിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുത് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാട്ടത്തിലാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.







