പ്രതിഷേധം അവസാനിപ്പിച്ച് തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

മണിക്കൂറുകള്‍ നീണ്ട ആത്മഹത്യ ഭീഷണി മുഴക്കിയ തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. മന്ത്രിയോ യൂണിവേഴ്‌സിറ്റി അധികൃതരോ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്.

Read more

അഗ്നിശമന സേന കുട്ടികള്‍ നിലയുറപ്പിച്ചതിന് താഴെയായി വല വിരിച്ചിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് അന്യായമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ കോളേജില്‍ സമരം ആരംഭിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ റാഗിംഗ് കേസില്‍ കുടുക്കി സസ്‌പെന്റ് ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.