തലസ്ഥാനത്ത് അരങ്ങേറിയത് തെരുവുയുദ്ധം; ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയര്‍ന്ന സംഭവത്തിന് പിന്നാലെ തലസ്ഥാനം സാക്ഷിയായയത് സമാനകളിലാത്ത തെരുവുയുദ്ധത്തിനാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിച്ചു. കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിടുമെന്ന് ഡി.വൈ.എഫ് ജില്ലാ സെക്രട്ടറി ഷിജുഖാന്‍ പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമം അരങ്ങേറുമ്പോള്‍ ഇന്ദിരാഭവനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഉണ്ടായിരുന്നു. പുറത്തിറങ്ങിയ ആന്റണി മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി തേടി. ഇന്ദിരാഭവനില്‍ നേരിട്ട് എത്തി ഇത്തരം അതിക്രമങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

വി.കെ.പ്രശാന്ത് എം.എല്‍.എയുടെ ഓഫീസിലേക്ക് ഇരച്ചുകയറാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ലാത്തി ഉപയോഗിച്ച് പൊലീസ് തടഞ്ഞത് സംഘര്‍ത്തിലെത്തി. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ചെറിയ ഓഫീസ് ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചെങ്കൊടികള്‍ കത്തിച്ചു. ഫ്‌ളെക്‌സുകള്‍ വലിച്ചുകീറി.

രാത്രി ഒന്‍പതരയോടെ തലസ്ഥാനം മുള്‍മുനയിലായി. കെ.പി.സി.സി ആസ്ഥാനത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി മാര്‍ച്ച് ചെയ്തു. ഇന്ദിരാഭവന് പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലയുറപ്പിച്ചു. നെയ്യാറ്റിന്‍കര പനച്ചമൂട്ടില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി.