കനത്ത സുരക്ഷയില്‍ സംസ്ഥാനം; ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്കും കടുത്ത നടപടികള്‍ക്കുമാണ് പൊലീസ് നിര്‍ദേശം. നിരോധന ഉത്തരവിലും പരാമര്‍ശമുള്ള സംസ്ഥാനത്ത് കേന്ദ്രവും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനതലം മുതല്‍ പ്രാദേശിത തലം വരെയുള്ള ഓഫിസുകള്‍ സീല്‍വെയ്ക്കും. സംഘടനയുടെ അക്കൗണ്ടുകള്‍ സീല്‍വയ്ക്കുന്നതോടൊപ്പം പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. എസ്.പി മാര്‍ക്കാണ് നിരീക്ഷണ ചുമതല.

ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 50 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.

Read more

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. ആര്‍എസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ.