ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിര്‍ദേശം. വിശദവാദം ഏപ്രിലില്‍ 7ന് തുടങ്ങും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് റുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
വാദത്തിന് ഏപ്രില്‍ 22വരെ സമയപരിധി നിശ്ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസംവീതം സമയം നല്‍കും. അമിക്കസ്‌ക്യൂറിയായ കെ.പരമേശ്വറിന് 21ന് വാദങ്ങള്‍ ഉന്നയിക്കാം. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. യുവതീ പ്രവേശനത്തെ എതിര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇനി മാര്‍ച്ച് 14ന് ഉള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണം. ഏപ്രിലില്‍തന്നെ വാദം പൂര്‍ത്തിയാക്കും.9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കക്ഷികള്‍ നിലപാട് എഴുതി നല്‍കണം.
യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും അങ്ങനെ പ്രചരിപപ്പിക്കാനും നില്‍ക്കുന്നില്ല.
Read more
ശബരിമലയില്‍ യുവതീപ്രവേശനം ഉള്‍പ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്. ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാര്‍സി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാര്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി പരിഗണിക്കും.







