നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ചുമതലയാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. യുഡിഎഫ് സർക്കാർ നിലവിൽ അധികാര ദുർവിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിർത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി പല സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും സാധിച്ചേക്കും. എന്നാൽ മുൻകാലങ്ങളിൽ യുഡിഎഫ് സ്വീകരിച്ചിട്ടുള്ള പല നടപടികളും ഓർക്കുന്നത് നന്നായിരിക്കുമെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് മുമ്പ് അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം പ്രതികാരനടപടികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.







