കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് കണക്കുസഹിതം മറുപടി നൽകി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ. സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് അഭിജീത്ത് മറുപടി നൽകിയിരിക്കുന്നത്.
ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ വ്യൂസും 12 ദശലക്ഷം പുതിയ ഫോളോവേഴ്സും ലഭിച്ചതായി അഭിജീത്ത് പങ്കിട്ട ഡാറ്റയിൽ കാണിക്കുന്നു. ഇതില്‍ 94.1% പേര്‍ ഇന്ത്യയില്‍ നിന്നും, 1% അമേരിക്കയില്‍ നിന്നും, 0.7% യുകെയില്‍ നിന്നും, 0.6% വീതം കാനഡ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുമാണെന്ന് ഡാറ്റയിൽ വ്യക്തമാണ്. ‘94% ത്തിലധികം ഫോളോവേഴ്സും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ത്യന്‍ യുവാക്കളെ പാകിസ്താനികളെന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ടാണ്?’ എന്നും അഭിജീത്ത് ചോദിച്ചു.
Read more
സിജെപിയുടെയോ മറ്റ് സംഘടനകളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. പാകിസ്താനില്‍ നിന്ന് സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ തേടുന്നവരോടും ‘ജോര്‍ജ്ജ് സോറോസ് ഗാങ്ങിനോടും’ സഹതാപം തോന്നുന്നുവെനന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് അഭിജീത്ത് ദിപ്‌കെ സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവെച്ചത്.







