സംസ്ഥാന ബജറ്റ് 2023: ആശങ്ക വേണ്ട, ജനകീയ മാജിക് പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പിക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒന്‍പതിന് ധനമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. ഇതോടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും സ്വാഭാവികമായും ഉയരും.

മോട്ടോര്‍വാഹന നികുതിയിലും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. മദ്യം, പെട്രോള്‍ഡീസല്‍ വില്‍പന നികുതിയില്‍ ധനമന്ത്രി കൈവച്ചേക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ്, പിഴ എന്നിവ വര്‍ദ്ധിപ്പിക്കാനിടയുണ്ട്.

ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും.

 റബര്‍, നാളികേരം, നെല്ല് എന്നിവയുടെ താങ്ങുവില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഹരിത ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈഡ്രജന്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാദ്ധ്യത.