മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും സഹനിർമ്മാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സൗബിനും പിതാവ് ബാബു ഷാഹിറും ഷോൺ ആന്റണിയും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം എല്ലാ കാര്യങ്ങളും കൃത്യമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചു..
രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്. തിങ്കളാഴ്ചയും ആവശ്യമെങ്കിൽ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആയിരുന്നു ആവശ്യപ്പെട്ടത്. കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി നേരത്തെ തളളിയിരുന്നു. പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നതാണ്, എന്നാൽ പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് സൗബിനെതിരെ കേസ് എടുത്തത്. നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കായി സിറാജിൽ നിന്ന് ഏഴ് കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്. സിസിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.
Read more
ഇക്കാര്യം പണമിടപാട് കരാറിൽ എഴുതിച്ചേർക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു ഇത്. ആദായ നികുതി വകുപ്പ് സൗബിന്റെ നിർമ്മാണ കമ്പനിയിലും വീട്ടിലും അന്വേഷണം നടത്തിയിരുന്നു.









