ആക്ഷനും വയലൻസും ഇഷ്ടപ്പെടുന്ന സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു കിൽ. ഇന്ത്യയിൽ ഇറങ്ങിയ മോസ്റ്റ് വയലൻസ് ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സ്ഥാനം. തിയേറ്ററുകളിൽ ഹിറ്റായ സിനിമയ്ക്ക് ഒടിടിയിൽ എത്തിയപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ദക്ഷിണേന്ത്യയിലും ആക്ഷൻ ചിത്രം വലിയ രീതിയിൽ തരംഗമായി മാറി. ബോളിവുഡ് ആക്ഷൻ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ സിനിമ കൂടിയായിരുന്നു കിൽ. ചിത്രത്തിന് തമിഴ് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം.
കില്ലിന്റെ തമിഴ് പതിപ്പിൽ ധ്രുവ് വിക്രമിനെയാണ് നായകനായി പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധ്രുവുമായി സിനിമയുടെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയതായും റിപ്പോട്ടുകൾ വരുന്നു. ഇതിന് മുൻപ് അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ധ്രുവ് വിക്രം കാഴ്ചവച്ചിരുന്നത്. അർജുൻ റെഡ്ഡി റീമേക്കിന് പുറമെ കാർത്തിക്ക് സുബ്ബരാജിന്റെ മഹാൻ എന്ന ചിത്രത്തിലെ ധ്രുവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read more
അതേസമയം കിൽ തമിഴ് റീമേക്കിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമ തമിഴിൽ ഒരുക്കുന്നത് സംവിധായകൻ രമേശ് വർമ്മയാണെന്നും റിപ്പോർട്ടുകളുണ്ട്. നിഖിൽ നാഗേഷ് ഭട്ടാണ് കിൽ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൗഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളി തന്നെയാണ് ചിത്രം.









