സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഇന്നും തുടരും; കടുത്ത പ്രതിഷേധത്തിന് സമരസമിതി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിിഷേധങ്ങള്‍ ശക്തമായിരിക്കെ ഇന്നും സര്‍വേ കല്ലിടല്‍ നടപടികള്‍ തുടരും. എറണാകുളം ചോറ്റാനിക്കര മേഖലയിലും കോഴിക്കോട് കല്ലായിയിലും സര്‍വേ കല്ലിടല്‍ പുരോഗമിക്കും. കോഴിക്കോട് ഇന്നലെ പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ തല്‍കാലികമായി നിര്‍ത്തി വച്ചിരുന്നു. സര്‍വേ തടയുമെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്നാണ് ഇന്ന് സര്‍വേ നടപടികള്‍ തുടങ്ങുക. കൂടുതല്‍ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികള്‍. സ്ഥലത്ത് ഇന്നലെ സമരസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും, വീണ്ടും ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി എത്തിയതോടെയാണ് സംഘര്‍ഷമായത്.

മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ കല്ല് സ്ഥാപിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കോട്ടയത്തും, മലപ്പുറത്തും കല്ലിടലിനെതിരെ സംഘര്‍ഷം ഉണ്ടായി. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരത്തിനെത്തി. കെ റെയില്‍ കല്ല് കൊണ്ടുവന്ന വാഹനത്തിന് മുകളില്‍ കയറി ന്ിന്നായിരുന്നു പ്രതിഷേധം.

അതേസമയം സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശംം നല്‍കിയിട്ടുണ്ട്. സമരം നടത്തുന്നവരോട് പൊലീസ് പ്രകോപനപരമായി പെരുമാറരുതെന്നും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.