സില്‍വര്‍ ലൈന്‍; കല്ലിടലിന് എതിരെ കോട്ടയത്തും, എറണാകുളത്തും നാട്ടുകാരുടെ പ്രതിഷേധം

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തം. കോട്ടയത്തും, എറണാകുളത്തും കല്ലിടലിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കല്ലിടലിനെതിരെ മനുഷ്യമതില്‍ തീര്‍ത്താണ് പ്രതിഷേധം. സര്‍വേ കല്ലുകള്‍ കൊണ്ടുവന്ന വാഹനം തടഞ്ഞുനിര്‍ത്തി. തൊഴിലാളികളെ ബലം പ്രയോഗിച്ച് പിടിച്ചിറക്കുകയായിരുന്നു. വാഹനം അടിച്ച് തകര്‍ക്കാനും ശ്രമം നടന്നു. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.

പ്രതിഷേധത്തില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു.

എറണാകുളം തിരുവാങ്കുളം മാമലയിലും കല്ലിടലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തി. കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് അടച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടി കടക്കുകയായിരുന്നു

കഴിഞ്ഞ ദിവസം തിരൂരില്‍ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നഗരസഭ അദ്ധ്യക്ഷയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു. തൃക്കണ്ടിയൂര്‍ വില്ലേജില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടാന്‍ എത്തിയത്. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സംഘര്‍ഷമാവുകയായിരുന്നു. എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.