എസ്‌ഐ ഭക്ഷണം കഴിച്ചാല്‍ പതിവായി പണം നല്‍കില്ല; കാശ് ചോദിച്ചതോടെ ഹോട്ടലില്‍ അതിക്രമം; കേസെടുത്ത് പൊലീസ്

കോഴിക്കോട് ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം അക്രമം നടത്തിയ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്. ഹോട്ടലുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.

രാധാകൃഷ്ണന്‍ പതിവായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം പതിവായി ഇയാള്‍ പണം നല്‍കിയിരുന്നില്ല. ജീവനക്കാര്‍ പണം ചോദിച്ചാല്‍ ഹോട്ടലുടമയുടെ പേരിലെഴുതാന്‍ പറഞ്ഞ് സ്ഥലം വിടുന്നതാണ് രാധാകൃഷ്ണന്റെ രീതി. കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു.

ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ പോകാനൊരുങ്ങിയ രാധാകൃഷ്ണനെ ജീവനക്കാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഹോട്ടലില്‍ അക്രമം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ ഉടമ രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ കളര്‍കോട് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ അടിച്ച് തകര്‍ത്തതിന് കഴിഞ്ഞ ദിവസം ചങ്ങനാശേരി ട്രാഫിക് പൊലീസിലെ സിപിഎഒ അറസ്റ്റിലായിരുന്നു. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ബാലുശ്ശേരിയിലെ സംഭവം.