പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം: സ്‌കൂളില്‍ നഗരസഭ ശുചീകരണം നടത്തും; പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുന്നു

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. പൂര്‍വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കും

ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണവിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ്, ശുചീകരണ പ്രവൃത്തികള്‍  തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഷഹല ഷെറിന്റെ മരണത്തില്‍ പൊലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. എത്തിയാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെ കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.