ഷഹലയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണം; തുക ആരോപണ വിധേയരായവരില്‍ നിന്ന് ഈടാക്കണമെന്നും ബാലാവകാശ കമ്മീഷന്‍

പാമ്പ് കടിയേറ്റ് മരിച്ച ഷെഹലയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ആരോപണവിധേയരായ അധ്യാപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈ തുക ഈടാക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷഹ്‌ല പഠിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി.

ഷഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും സന്ദര്‍ശിച്ചിരുന്നു. ഷഹ്ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തും.

ഇനി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ രവീന്ദ്രനാഥ് സ്‌കൂളിന് രണ്ട് കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയെ ചുമതല പെടുത്തിയതായും മന്ത്രി പറഞ്ഞു. വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ഉടന്‍ പരിശോധന നടത്താനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.