കെ. റെയിൽ വിഷയത്തിൽ ശശി തരൂരിന്റെ നിലപാട് ശരിയല്ല; യു.ഡി.എഫിന് ഒറ്റ തീരുമാനം: കെ. മുരളീധരൻ

കെ റെയിൽ വിഷയത്തിൽ ശശി തരൂർ എം.പിയുടെ നിലപാട് ശരിയല്ലെന്ന് കെ മുരളീധരൻ എം പി. റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിയെ ഒരു കാരണവശാലും യു ഡി എഫ് അംഗീകരിക്കില്ലെന്ന് അറിയിച്ചു. കെ റെയിൽ വിഷയത്തിൽ യുഡിഎഫിന് ഒറ്റ തീരുമാനമാണെന്നും കെ മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.

പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പവും ശശി തരൂർ പോയില്ല. മുന്നണി തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി ശശി തരൂരിന്റെ നിലപാടിനോട് പ്രതികരിച്ചത്.

സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂരിന്റെ നിലപാട് പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്ക അറിയിച്ച ജനങ്ങളേയും രാഷ്ട്രീയ കക്ഷികളെയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചത്.