'രാജാവിന് കരിങ്കൊടി പേടിയാണെങ്കില്‍ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കാം'; മുഖ്യമന്ത്രിയോട് യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ‘രാജാവിന്’ കരിങ്കൊടി പേടിയാണെങ്കില്‍ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കില്‍ അമിത നികുതി കുറക്കാമെന്ന് അദേഹം വ്യക്തമാക്കി.

‘രാജാവ്’ സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യുത്ത് കോണ്‍ഗ്രസ്സ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്നലെ കോട്ടയത്തും ഇന്ന് പുലര്‍ച്ചെ 3 മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ട്കാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങള്‍ തുടരുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. മൈക്കിന് മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.