'ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല'; യുഡിഎഫിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ; ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് ക്രൂരവും നിന്ദ്യവുമായ വേട്ടയാടൽ

കെബി ഗണേഷ്‌കുമാർ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് എക്കാലത്തെയും ക്രൂരവും നിന്ദ്യവുമായ വേട്ടായാടലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ജീവിതാവസാനം വരെ വേട്ടയാടാൻ ഉപയോഗിച്ചത് കള്ളകഥകളാണെന്നും ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് രാഷ്ട്രീയ ദുരന്തമാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

ഗണേഷ് കുമാർ യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് അത് അനുവദിക്കില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളും ഗണേഷ് കുമാറിനെ സ്വീകരിക്കരുതെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ നടന്നതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചനയും ദുരന്തവുമാണ് ഈ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായിട്ടില്ല.