ശഫീഖ് അല്‍ഖാസിമിക്കെതിരായ പീഡനക്കേസ്: പെണ്‍കുട്ടി ശിശുക്ഷേമ സമിതിയില്‍ തുടരണമെന്ന് ഹൈക്കോടതി

മുന്‍ ഇമാം ഷെഫീക്ക് അല്‍ഖാസിമിയുടെ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് ഹൈക്കോടതി.

പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസ് വിധി പറയാന്‍ മാറ്റി. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

നാളെ നടക്കുന്ന പരീക്ഷ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തന്നെ പോയി എഴുതി വരണമെന്നും കോടതി നിര്‍ദേശിച്ചു.

പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും കുടുംബം സമ്മതിച്ചിരുന്നില്ല. ഇതോടെയായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കേസില്‍ ഷഫീഖ് അല്‍ ഖാസിമി ഇപ്പോഴും ഒളിവിലാണ്. എന്തുകൊണ്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നും ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.