എസ്.എഫ്‌.ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡന്‍

ഭീകരസംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എം.പി. തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തെ കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോ കോളജില്‍ എസ് എഫ് ഐ നടത്തിയത് ക്രൂരതയാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ നിരന്തരമായി മര്‍ദ്ദിക്കുകയാണെന്നും മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

എസ്എഫ്‌ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്ത സാഹചര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ പൊലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read more

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എല്‍.എ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.