വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

സുല്‍ത്താന്  ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് തള്ളിക്കയറി. പൊലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് കയറിയത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കളക്ടറേറ്റ് ഉപരോധിക്കുകയാണ്. കളക്ടറുടെ മുറിയിലേക്ക് കുതിച്ചു കയറിയ  എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. രണ്ടാം നിലയില്‍ നിന്ന് പൊലീസുകാരെ പ്രവര്‍ത്തകര്‍ തള്ളിയിട്ടു. കളക്ടറേറ്റിനുള്ളില്‍ പൊലീസ് ലാത്തിവീശി.

ബുധനാഴ്ച വൈകിട്ടാണ് വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിന്‍ (10)  ക്ലാസില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന്  പാമ്പ് കടിയേറ്റ ഷഹ്‌ലയെ രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകുന്നതിനിടെ കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്നതിനിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.