രാഖി പൊട്ടിക്കാന്‍ ശ്രമം; യൂണിവേഴ്‌സിറ്റി കോളജിലും കൊല്ലം എസ്.എന്‍ കോളജിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥിനികളുടെ കൈയിലെ രാഖി പൊട്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെയും കൊല്ലം എസ്.എന്‍ കോളജിലേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍.

യൂണിവേഴ്‌സിറ്റി കോളജില്‍ രാഖി കെട്ടി വന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അമല്‍ മോഹനെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി രാഖി അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. പെണ്‍കുട്ടി ക്ലാസില്‍ കയറിയതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്നാലെയെത്തി ബഹളമുണ്ടാക്കുകയും ക്ലാസിന്റെ ജനാലച്ചില്ലുകള്‍ ഇവര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

പ്രിന്‍സിപ്പലിന്റെ മുറിയുടെ നേരേ എതിര്‍വശത്തുള്ള ക്ലാസിലായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിന് ശേഷമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

കൊല്ലം എസ്.എന്‍ കോളജിലെ രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തത്. എസ്.എന്‍ കോളജിലെ നടപടിക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.