കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമകേസിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. എളമക്കര സ്വദേശിയായ പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസിന് വിവരം ലഭിച്ചു.

ചോദ്യം ചെയ്യലില്‍ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വനിതാ ശിശു വികസന വകുപ്പ് സംഭവത്തില്‍ നടപടിയെടുത്തിരുന്നു. അങ്കണവാടിയിലെ വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആരേയും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി.

വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ബിന്ദു കൃഷ്ണ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി.

Read more

കൊച്ചി എളമക്കരയിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.