അരിക്കൊമ്പന്‍ ദൗത്യം രണ്ടാം ദിനത്തിലേക്ക്; കൊമ്പന്‍ ശങ്കരപാണ്ഡ്യമേട് വിട്ടു

മിഷന്‍ അരിക്കൊമ്പന്‍ രണ്ടാം ദിവസത്തില്‍. രാവിലെ എട്ട് മണിയോടെ ദൗത്യം പുനരാരംഭിക്കും. അതിന് മുന്നോടിയായി ആനയെ നിരീക്ഷിക്കുന്ന ജോലികള്‍ ട്രാക്കിങ് ടീം ആരംഭിച്ചു. ശങ്കരപാണ്ഡ്യമേട്ടിലായിരുന്ന അരിക്കൊമ്പന്‍ താഴേക്ക് ഇറങ്ങിയിട്ടുണ്ട്.

ആനയെ തുരത്തി 301 കോളനി പരിസരത്ത് എത്തിക്കാനാണ് നീക്കം. 301 കോളനി പരിസരത്ത് എത്തിച്ചാല്‍ മാത്രമേ മയക്കുവെടി വച്ച് പിടിക്കാനാകൂ. അതേസമയം, അരിക്കൊമ്പനെ കാത്തിരിക്കുമ്പോള്‍ സിമന്റ് പാലത്തിന് സമീപം ചക്കക്കൊമ്പന്‍ എത്തി.

ദൗത്യ മേഖയില്‍ സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാന്‍ കാരണം.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം ദൗത്യ സംഘം നാലരയോടെ പുറപ്പെട്ടെങ്കിലും അരികൊമ്പനെ പിടിക്കാനായിട്ടില്ലായിരുന്നു.