സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഈ മാസം 14 മുതല്‍ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോളജുകള്‍ 7ാം തിയതി മുതല്‍ തുറക്കും. 10, പ്ലസ് ടു ക്ലാസുകളും 7 ന് തുടങ്ങും.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. ഞായറാഴ്ച ആരാധന നടത്തുന്നതിനും അവലോകന യോഗത്തില്‍ അനുമതിയായി. 20 പേരെ വീതം പ്രവേശിപ്പിക്കാമെന്നാണ് നിര്‍ദ്ദേശം.

ജില്ലകളെ ക്യാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരും. സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണ് ഉള്ളത്. ബാക്കി ജില്ലകളെ ഒഴിവാക്കി. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലളെയും ബാക്കി ഉള്ളവ ബി ക്യാറ്റഗറിയിലും ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയെ ഒരു ക്യാറ്റഗറിയിലും ഉള്‍പ്പെടുത്തിയട്ടില്ല.