സ്‌കൂള്‍ പ്രവര്‍ത്തന സമയം: അധ്യാപക സംഘടനകളുമായി ഇന്ന് ചര്‍ച്ച

അധ്യാപക സംഘടനകളുമായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ചര്‍ച്ച ഇന്ന് നടക്കും. സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് വരെ ആക്കുന്നതും. ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതിന് മുന്നോടിയായാണ് യോഗം ചേരുന്നത്.

യോഗത്തില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട തയ്യാറടുപ്പുകളും, പരീക്ഷ നടത്തിപ്പും ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ക്ലാസുകളുടെ മാര്‍ഗരേഖ ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.

അതേസമയം അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുന്നതിന് മുമ്പ് മാര്‍ഗരേഖ പുറത്തിറക്കിയതില്‍ സംഘടന എതിര്‍പ്പ് അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് മാര്‍ഗരേഖ ഇറക്കിയതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. സ്‌കൂള്‍ പ്രവര്‍ത്തന സമയം വൈകിട്ട് വരെയാക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട സാഹചര്യമില്ലെന്നും, രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും, ഇത് പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് സി.പി.ഐ സംഘട എ.കെ.എസ്.ടി.യു പ്രതികരിച്ചു. സംഘടനകളുടെ പ്രതിഷേധം മന്ത്രിയെ അറിയിക്കും. സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണെ എന്നാണ് സംഘടനകളുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കെ.പി.എസ്.ടി.എ അറിയിച്ചിരുന്നു.