സ്‌കൂളുകളിലെ ശനിയാഴ്ച പ്രവൃത്തിദിനം പിന്‍വലിക്കില്ല; കുട്ടികള്‍ക്ക് വലിയ സന്തോഷത്തില്‍; 220 പ്രവൃത്തിദിനം വേണമെന്ന് സര്‍ക്കാര്‍

കേരളത്തിലെ സ്‌കൂളുകള്‍ക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതു പിന്‍വലിക്കാനാകില്ലെന്നു സര്‍ക്കാര്‍. 220 പ്രവൃത്തിദിനം വേണമെന്നു വിദ്യാഭ്യാസച്ചചട്ടത്തില്‍ പറയുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധിപ്രകാരമാണ് ഈ വര്‍ഷത്തെ കലണ്ടര്‍ തയാറാക്കിയതതെന്നും മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.

കോടതിയലക്ഷ്യ നടപടിയില്‍നിന്ന് ഒഴിവാകാന്‍ ചട്ടപ്രകാരമാണ് തീരുമാനമെടുത്തത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തേണ്ടതുമുണ്ട്. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതില്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമാണെന്നും അദേഹം പറഞ്ഞു. 220 ദിവസമാണ് കേരളം ഉള്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ണാടകയില്‍ ഇത് 230 ദിവസമാണ്.
കോടതി വിധി മറികടക്കണമെങ്കില്‍ നിയമനിര്‍മ്മാണം വേണം. അതു വിദ്യാഭ്യാസ വകുപ്പിനുമാത്രമായി തീരുമാനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

202425 അധ്യയന വര്‍ഷത്തില്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ക്ലസ്റ്റര്‍ പരിശീലനത്തിനായി ആറ് ശനിയാഴ്ചകളാണ് നീക്കി വച്ചിരിക്കുന്നത്. 220 പ്രവര്‍ത്തി ദിനങ്ങളുള്ള വിദ്യാഭ്യാസ കലണ്ടറില്‍ ആഴ്ചയില്‍ ആറ് പ്രവര്‍ത്തി ദിനം വരുന്ന തരത്തിലുള്ള ഏഴു ശനിയാഴ്ചകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

നേരത്തേ ഈവര്‍ഷത്തെ അക്കാദമിക് കലണ്ടറില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ അധ്യാപക സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലുള്ള കോടതി നടപടിക്രമം പൂര്‍ത്തിയായാല്‍ മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുള്ളുവെന്നും മന്ത്രി പറഞ്ഞു.