കിഫ്ബിയെ വിമര്‍ശിക്കുന്നത് സാഡിസ്റ്റുകള്‍, പദ്ധതികളില്‍ നിന്ന് പുറകോട്ടില്ല; സി.എ.ജിയെ തള്ളി മുഖ്യമന്ത്രി

കിഫ്ബിക്കെതിരായ വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ കിഫ്ബിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് അവരുടെ ആഗ്രഹം. അല്‍പം പിറകോട്ട് പോയാല്‍ അവര്‍ക്ക് അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കിഫ്ബിയുമായി സഹകരിച്ച് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളില്‍ നിന്നും പുറകോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവനില്‍ ചാന്‍സലേഴ്സ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റിന് പുറമേ കടമെടുത്ത് സംസ്ഥാനത്തെ കടബാദ്ധ്യതയിലാക്കുമെന്ന കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനു പിന്നലെ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു.