ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം.

2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളിലേക്ക് ചോദ്യം ചെയ്യല്‍ നീളുന്നത്. അതിനിടെ, ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്‌ഐടി നാളെ ശബരിമലയിലെത്തും.

Read more

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.