ശബരിമല സ്വര്‍ണക്കൊള്ള; പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്‌ഐടി പറയുന്നത്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിര്‍ണ്ണായക മൊഴി നല്‍കിയിരുന്നത്.

Read more

2017ന് ശേഷം 2023 വരെ മാസ്റ്റര്‍ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തില്‍ ഇടപാടുകള്‍ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്ഐടിയുടെ നീക്കം. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി.