കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മനു സ്മൃതി ആരോപണത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ആര്‍എസ്എസ് അന്നത്തേതില്‍നിന്ന് മാറിയെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂര്‍ ആര്‍എസ്എസ് അന്നത്തേതില്‍നിന്ന് മാറിയെന്ന് അഭിപ്രായപ്പെട്ടു. തരൂരിന്റെ പ്രതികരണം ഇതോടകം പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെയാണ് രാഹുലിന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് ആര്‍എസ്എസ് അനുകൂല നിലപാടുമായി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.
ചരിത്രപരമായി ഭരണഘടന നിലവില്‍ വന്ന സമയത്ത് ഉന്നയിക്കപ്പെട്ട ഒരു വിമര്‍ശനത്തേക്കുറിച്ചാണ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതെന്ന് തരൂര്‍ പറഞ്ഞു. മനുസ്മൃതിയിലെ യാതൊന്നുമില്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് എന്ന് ഗോള്‍വാല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.
Read more
എന്നാല്‍ അന്നത്തെ കാലത്തുനിന്ന് ആര്‍എസ്എസ് മാറിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. അതുകൊണ്ട് ചരിത്രപരമായ പ്രസ്താവനയെന്ന നിലയ്ക്ക് അത് കൃത്യമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ചിന്തയുടെ പ്രതിഫലനം അതാണോ എന്നതിന് ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണെന്നും തരൂര്‍ പറഞ്ഞു.