സര്‍ക്കാരിനോട് ശരിദൂരം അയ്യപ്പ സംഗമത്തില്‍ മാത്രം, മറ്റുകാര്യങ്ങളില്‍ സമദൂരം: നിലപാടില്‍ വ്യക്തത വരുത്തി ജി. സുകുമാരന്‍ നായര്‍

സര്‍ക്കാരിനോടുള്ള നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ സംഘടനയില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ നേരിട്ടോളാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമദൂരത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എന്‍.എസ്.എസ് പ്രതിനിധികളെ ബോധ്യപ്പെടുത്തിയെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

Read more

അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്.