സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; വിജിലന്‍സ് മേധാവി അജിത് കുമാറിനെ മാറ്റി, എച്ച്. വെങ്കിടേഷിന് പകരം ചുമതല

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്. ഗൂഢാലോചനാ കേസില്‍ കരുതലോടെ നടപടി എടുക്കാനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിപ്പിക്കാനായി അജിത് കുമാറും ഇടപെടലുകള്‍ നടത്തിയെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു.തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്‌ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് യു.എസിലേക്ക് കടത്തിയതെന്നും സ്വപ്നാ സുരേഷ് പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.

ഇന്നലെയാണ് ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണം പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.